ഒരിക്കൽ ഒരു ബിസിനസ്സുകാരാൻ കടത്തിൽ മുങ്ങി കിടക്കുകയായിരുന്നു. പിടിച്ചു കയറാൻ അയാൾ മറ്റൊരു വഴിയും കണ്ടില്ല.
കടക്കാരും മറ്റും പണം തിരിച്ചു ചോദിക്കാൻ തുടങ്ങി. ജപ്തി ഒഴിവാക്കാൻ എന്ത് ചെയ്യാൻ പറ്റും എന്ന് ചിന്തിച്ച് അയ്യാൾ ഒരു പാർക്കിൽ ഇരിക്കുകയായിരുന്നു. അപ്പോൾ അതുവഴി വന്ന ഒരു വൃദ്ധൻ അയാളുടെ വിഷമത്തിന്റെ കാരണം ആരാഞ്ഞു.
അയാളുടെ വിഷമം കേട്ടുകഴിഞ്ഞപ്പോൾ ആ വൃദ്ധൻ പറഞ്ഞു "എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയും"
ആ വൃദ്ധൻ അയാളുടെ കയ്യിൽ ഒരു ചെക്ക് കൊടുത്തിട്ട് പറഞ്ഞു "ഈ പണം എടുത്തോളൂ. അടുത്ത വർഷം ഇതേ ദിവസം ഇവിടെ വച്ച് എനിക്ക് ഈ പണം തിരികെ തന്നാൽ മതി"
ഇത്രയും പറഞ്ഞ് ആ വൃദ്ധൻ പെട്ടന്ന് നടന്നു നീങ്ങി...
ആ ബിസിനസ്സുകാരാൻ തന്റെ കയ്യിലുള്ള ചെക്ക് നോക്കി. അംബാനി ഒപ്പിട്ട അമ്പതു ലക്ഷം രൂപയുടെ ചെക്ക്..... തന്റെ കടങ്ങൾ എല്ലാം വീട്ടാൻ പറ്റുമെന്ന് അയാൾക്ക് മനസ്സിലായി.
പക്ഷെ അയാൾ ആ ചെക്ക് ഒരു പെട്ടിയിൽ സൂക്ഷിച്ചു വച്ചു. കാരണം ഈ പണം കൂടുതൽ ആത്മവിശ്വാസത്തോടെ ജോലി ചെയ്യാൻ സഹായിക്കുമെന്ന് അയാൾ വിശ്വസിച്ചു. ഏതെങ്കിലും അത്യാഹിത സമയത്ത് ഈ പണം എടുക്കാം എന്ന് അയാൾ വിചാരിച്ചു.
പിന്നീട് അയാൾ കുറേ നല്ല കരാറുകൾ ഒപ്പ് വച്ചു. ബിസിനസ് പുനര്രൂപീകരിച്ചു. കഠിനമായി പ്രയത്നിച്ചു.
കുറച്ചു മാസങ്ങൾക്കുള്ളിൽ അയാളുടെ കടങ്ങൾ എല്ലാം തീർന്നു. ലാഭം ഉണ്ടായി തുടങ്ങി.
അടുത്ത വർഷം അതേ ദിവസം ചെക്കുമായി അയാൾ പാർക്കിൽ എത്തി. പറഞ്ഞ പോലെ ആ വൃദ്ധനും അവിടെയെത്തി. ചെക്ക് തിരിച്ചു കൊടുത്ത് അയാൾ തന്റെ വിജയ കഥ വൃദ്ധനോട് പറഞ്ഞു.
പെട്ടന്ന് ഒരു ആംബുലൻസിൽ നിന്നും രണ്ടുപേർ വന്ന് ആ വൃദ്ധനെ കൊണ്ടുപോയി. അതിലൊരാൾ പറഞ്ഞു "ഇയാൾ ഇടയ്ക്കു ഭ്രാന്താശുപത്രിയിൽ നിന്ന് ചാടും, അംബാനി ആണെന്നാ വിചാരം"
ഇത് കേട്ട അയാൾ അമ്പരന്നു പോയി.
ഒരു വർഷം മുഴുവൻ അമ്പതു ലക്ഷം രൂപ ഉണ്ടെന്നു വിചാരിച്ചു അയാൾ പല കരാറുകളും ഒപ്പിട്ടിരുന്നു.
"പണമല്ല മറിച്ച് ആത്മവിശ്വാസമാണ് നേട്ടങ്ങൾ കൈവരിക്കാനുള്ള ഏക ശക്തി."