പരിണാമഫലം:
വിശ്വാസം ആണല്ലോ ജീവിതത്തിൽ പരമമായ അടിസ്ഥാനം. ദൈവത്തിലുള്ള വിശ്വാസം, അവനവനിലുള്ള വിശാസം, പ്രകൃതിയിലുള്ള വിശ്വാസം, മനുഷ്യരിലുള്ള വിശ്വാസം, പരിണാമത്തിലുള്ള വിശ്വാസം. ഞാൻ ഇവിടെ കാട്ടിക്കൂട്ടാൻ പോകുന്നത് എന്നിലെ പരിണാമവിശ്വാസിയുടെ സാധൂകരണമാണ്.
ചെറുപ്പം മുതലേ ചെറിയ ഒരു പനി വന്നാൽ ഒരു ശാരാശരി ഇടത്തരം മലയാളി കുടുംബത്തിലെ മാതാപിതാക്കളുടെ സ്ഥിരം പല്ലവിയാണ്, അപ്പോഴും പറഞ്ഞതാ മഴയത്ത് കളിക്കല്ലേന്ന്, അല്ലെങ്കിൽ കുളിച്ചാൽ മരിയാതക്ക് തല തോർത്താൻ പറഞ്ഞാൽ കേൾക്കില്ല എന്നൊക്കെ. ഒരു അപകടം അല്ലെങ്കിൽ പ്രശ്നം ഉണ്ടായി കഴിഞ്ഞാൽ, അത് ഇങ്ങനെ ചെയ്തിരുന്നേൽ വരില്ലായിരുന്നു, കുറച്ചു കൂടി ശ്രദ്ധിക്കാമായിരുന്നു എന്നിങ്ങനെയുള്ള അഭിപ്രായങ്ങളും ശകാരങ്ങളും. ഒന്ന് നന്നായി ചിരിച്ചാൽ എന്തോ കരയാൻ ഉള്ള സാധ്യത കാണുന്നവരാണ് നമ്മളിൽ പലരും. പക്ഷേ എന്റെ വീട്ടിൽ ഇതിന്റെ ലേശം കൂടിയ പകർപ്പാണ്. ഒരളവിൽ കൂടുതൽ മതിമറന്ന് സന്തോഷിക്കാനെ പാടില്ല. ഓണം, ക്രിസ്മസ്, പള്ളിപെരുനാൾ, ഇതാണ് ഒരു കൊല്ലാതെ പ്രധാന ആഘോഷങ്ങൾ . അന്തർമുഖനായ എനിക്ക് ഇതെല്ലം ധാരാളം. പിന്നെ പതിവ് തെറ്റിക്കാൻ അപ്പനും അമ്മയും തല്പരർ അല്ല. അങ്ങിനെ ക്രിസ്മസ് കഴിഞ്ഞു പള്ളിപെരുനാൾ എത്തി. ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ, പെരുനാൾ കൊറച്ചു കനത്തിൽ ആഘോഷിക്കും. വിരുന്നുക്കാർ ഒക്കെ ഉണ്ടാകും. വീടിനുമുകളിൽ മാലബൾബ് ഇടും, ഇറച്ചി, നെയ്മീൻ, പോത്ത്, പോർക്ക്, കള്ളപ്പം, കുഴിയപ്പം, അച്ചപ്പം, അമ്പ് പോകുമ്പോൾ പൊട്ടിക്കാൻ പടക്കം , എല്ലാം സെറ്റ്.
വിശുദ്ധ സെബാസ്റ്റ്യനോസ് പുണ്യവാളന്റെ അമ്പ് തിരുനാൾ; സെബാസ്റ്റ്യനോസ് ജനിച്ചത് ഫ്രാൻസിലാണെകിലും വളർന്നതും മരിച്ചതും ഇറ്റലിയിലാണ്. ഡയോക്ലീഷ്യൻ ചക്രവർത്തിയുടെ കാലത്ത് ( എ ഡി 288) റോമാസാമ്രാജ്യത്ത് ക്രിസ്തുമതം നിരോധിച്ചിരുന്നു. സെബാസ്റ്റ്യനോസ് ചക്രവർത്തിയുടെ വിശ്വസ്തനായ സൈനികൻ ആയിരുന്നു.പക്ഷെ കടുത്ത ക്രിസ്തു വിശ്വാസിയും. തന്റെ വിശ്വസ്ത സൈനികന്റെ രാജ്യദ്രോഹകുറ്റം കണ്ടെത്തിയ ചക്രവർത്തി ഒന്ന് രണ്ടു അവസരങ്ങൾ ക്രിസ്തുവിനെ തള്ളിപ്പറയാൻ കൊടുത്തു. വിസമ്മതിച്ച സെബാസ്റ്റ്യനോസിനെ മൈതാനമധ്യത്തിൽ മരത്തിൽ കെട്ടിയിട്ട് അമ്പെയ്തു കൊല്ലാൻ കൽപ്പിച്ചു. അങ്ങിനെ അമ്പുകൾ എയ്തു രക്തം വാർന്നു അബോധാവസ്ഥയിലായ സെബാസ്റ്റ്യനോസ് മരിച്ചു കാണുമെന്ന് ഭടന്മാർ തെറ്റുധരിച്ചു ഉപേക്ഷിച്ചിട്ട് പോയി. അവർക്ക് തെറ്റി. അതുവഴി വന്ന ഒരു സ്ത്രീ അദ്ദേഹത്തെ എടുത്ത് വീട്ടിൽ കൊണ്ടുപോയി ശിശ്രുഷിച്ച ആരോഗ്യം വീണ്ടെടുത്ത്. പക്ഷെ അദ്ദേഹത്തിന്റെ വിശ്വാസത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല, വീണ്ടും കൊട്ടാരത്തിൽ പോയി ചക്രവർത്തിയെ വിമർശിച്ചു. കോപാകുലനായ രാജാവ് അദ്ദേഹത്തെ ഗദ കൊണ്ട് അടിച്ചു കൊലപ്പെടുത്തി. 1500കളിൽ ഇറ്റലിയിൽ പകർച്ചവ്യാധികൾ പടർന്നു പിടിച്ചു. വി. സെബാസ്റ്റ്യനോസിനോട് പ്രാർത്ഥിക്കുന്നത് രോഗശമനത്തിന് സഹായിക്കുമെന്ന് വിശ്വാസികൾ കണ്ടെത്തി. അദ്ദേഹത്തിന്റെ തിരുസ്വരൂപവുമായി വിശ്വാസികൾ അവിടം തോറും പ്രദക്ഷിണം നടത്തിയപ്പോൾ അവിടെ അത്ഭുതകരമായ രോഗശാന്തിയുണ്ടായി. അതിനു പ്രത്യുപകാരമായി ഒരു കപ്പലിൽ വിശുദ്ധന്റെ തിരുസ്വരൂപവുമായി ലോകം ചുറ്റാൻ ജനങ്ങൾ തീരുമാനിച്ചു. അങ്ങനെ ലോകം ചുറ്റി കൊണ്ടിരിക്കുമ്പോൾ ഇന്ത്യയിലെ കേരള സംസ്ഥാനത്തിലെ ആലപ്പുഴ ജില്ലയിലെ അർത്തുങ്കൽ എന്ന സ്ഥലത്ത് എത്തിയപ്പോൾ കപ്പിത്താനും പള്ളി വികാരിക്കും ഉണ്ടായ ദർശനപ്രകാരം, വിശുദ്ധൻറെ ആ തിരുസ്വരൂപം അർത്തുങ്കൽ കടപ്പുറത്ത് ഒരു കുരിശുപള്ളി നിർമ്മിച്ച് അതിനുള്ളിൽ സ്ഥാപിച്ചു. വിശുദ്ധ സെബാസ്റ്റ്യനോസിന്റെ അമ്പ് തിരുനാൾ കേരളത്തിലെ വിവിധ ദേവാലയങ്ങളിൽ ഡിസംബർ അവസാന ആഴ്ചയിലാരംഭിക്കുകയും ഈസറ്റ്റിന് മുൻപുള്ള 50 നോമ്പിന് മുൻപായി അവസാനിക്കുകയും ചെയ്യും. അമ്പെയ്ത് കൊല്ലാൻ ശ്രമിച്ചതിന്റെ ഓർമ്മക്കായി "അമ്പ്" ഒരു പ്രധാന അടയാളമായി വിശ്വാസികൾ കണക്കാക്കുന്നു. ചെറിയതും വലിയതുമായ ഇടവകകളിൽ അമ്പ് തിരുനാൾ രണ്ടുദിവസത്തെ ആഘോഷമാണ്. ആദ്യ ദിവസം വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കുകയും രാത്രിയോടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ജാതിമത ഭേദമെന്യ പ്രദക്ഷിണമായി പള്ളിയിലേക്ക് വരുകയും ചെയ്യുന്നു. രണ്ടാമത്തെ ദിവസം പള്ളിയിൽ ആഘോഷമായ കുർബാനയും പ്രദക്ഷിണവുമുണ്ടാകും മറ്റു കലാപരിപാടികളും.
മേൽപറഞ്ഞ ആദ്യ ദിവസമാണ് വീട്ടിലെ പ്രധാന ആഘോഷം. പടക്കം പൊട്ടിക്കലും ബാൻഡ് മേളവും ഡാൻസും, ഭക്ഷണവും പിന്നെ അനധികൃത ചെറിയ വലിയ മദ്യപാനവും.
ഇനി സംഭവം; കഴിഞ്ഞ കൊല്ലം വൈകുന്നേരം അമ്പ് പള്ളിയിലേക്ക് കൊണ്ടുപോകുമ്പോൾ പടക്കം പൊട്ടിക്കുന്നതിനിടയിൽ ഞാൻ കത്തിച്ച മൂളിയുടെ (മത്താപ്പ്) ഒരു തീപ്പൊരി വീടിനു മുന്നിൽ വച്ചിരുന്ന മുത്തുകുടയിൽ പോയി വീണു, കുടയുടെ ശീല സിൽക്ക് ആയതിനാൽ അതങ്ങ് കത്തിപിടിച്ചു. വെള്ളമൊഴിച്ചു തീ അണച്ചെങ്കിലും, അപ്പൻ മടക്കിവെച്ച കുട വീണ്ടും അവിടെ കൊണ്ട് വെച്ചത്കൊണ്ടും പടക്കം പൊട്ടിക്കുമ്പോൾ പാലിക്കേണ്ട അച്ചടക്കവും സുരക്ഷിതത്ത്വം മറന്നതിനും , പിന്നെ ഒന്നും പറയണ്ടല്ലോ, വീട്ടിലെ എല്ലാവരും കൂടി എന്നെ പ്രതികൂട്ടിൽ ആക്കി. എല്ലാവരോടും സ്രാഷ്ടാംഗം മാപ്പ് പറഞ്ഞു ഇനി മേലാൽ ആവർത്തിക്കില്ല എന്ന ഉറപ്പും കൊടുത്തു. എവിടെ അടുത്ത വർഷം പെരുന്നാളിന് അമ്പ് പോകുമ്പോൾ പടക്കം പൊട്ടിക്കുന്നതിനിടയിൽ വീണ്ടും കത്തിച്ചു. ഈ പ്രാവിശ്യം മുത്തുക്കുടയല്ല. വീടിനു മുന്നിലെ സാക്ഷാൽ പതിനെട്ടാം പട്ട തെങ്ങ്. തൃശൂർ ഭാഷയിൽ പറഞ്ഞാൽ, കഷ്ടകാലത്തു കുഷ്ടം പിടിക്കാനായിട്ട് പണ്ടാരടങ്ങിയ പടക്കം പോയി പൊട്ടിയത് തെങ്ങിന്റെ കോരലിൽ. അടുത്ത ദിവസങ്ങളിൽ ഒന്നും മഴപെയ്യാത്തതിനാൽ വിറകു പരുവത്തിൽ കൊതുമ്പും കോഞ്ഞാട്ടയും ഉണങ്ങി നിന്നിരുന്നു. അതുകൊണ്ട് തന്നെ നിമിഷനേരംകൊണ്ട് തീ ആളിപടർന്നു. അതൊന്ന് കാണേണ്ട കാഴ്ചയാണ് ഒളിമ്പിക് കോൾഡ്രൺ പോലെ തെങ്ങ് നിന്ന് കത്തി. വീട്ടിലെ വയലറ്റും പച്ചയും ദീപാലങ്കാരങ്ങൾക്കിടയിൽ ഈ സ്വർണജ്വല, ഒരു വല്ലാത്ത കാഴ്ച തന്നെ. മകരമാസത്തിലെ കാറ്റ്, തീപ്പൊരികൾ പറക്കാൻ തുടങ്ങി. 20"-22" ഉയരമുള്ള തെങ്ങ് എങ്ങിനെ തീ കെടുത്തും? തെങ്ങിന്റെ അടുത്ത് വീടുകളും ഉണ്ട്, കെടുത്തിയില്ലെങ്കിൽ വലിയ ആപത്താകും. ഫയർ ഫോഴ്സിനെ വിളിച്ചാൽ അവരെ കുന്നംകുളത്തൂന്ന് എത്തുന്നതിനു മുന്നേ വീട് വരെ കത്തും. വീട്ടുകാരും നാട്ടുകാരും പൈപ്പും ബക്കറ്റും ആയി തെങ്ങിലോട്ട് വെള്ളം ഒഴിക്കാൻ തുടങ്ങി. എങ്ങും എത്തുന്നില്ല. അതുവരെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ വായയുംപൊളിച്ചു നോക്കിനിന്നിരുന്ന എന്നിലെ രക്ഷകൻ ഉണർന്നു. പഴയപോലെ മനസ്സ് പറയുന്നിടത്ത് ശരീരം എത്തുന്നില്ലെങ്കിലും ബക്കറ്റും കപ്പുമായി വീടിന്റെ ഏറ്റവും മുകളിലെ നിലയിൽ വലിഞ്ഞു കയറി. വാട്ടർടാങ്കിലേ വെള്ളം ബക്കറ്റുപയോഗിച്ചു തെങ്ങിലേക്ക് ഒഴിക്കാൻ തുടങ്ങി. കൃത്യമായി തീയിലേക്ക് വെള്ളം ഏതുനില്ലെങ്കിലും എങ്ങിനെയൊക്കെയോ തീ കേട്ടു. ആ സമയംകൊണ്ട് നാട്ടുകാർ എല്ലാം ഓടി കൂടിയിരുന്നു. തീ ഏകദേശം ശാന്തമായപ്പോൾ ഓരോരുത്തർ ആയി പറയാൻ തുടങ്ങി. "അല്ലെങ്കിലും ആ ചെക്കന് ലേശം പടക്കം പൊട്ടിക്കൽ കൂടുതൽ ആണ്". വേറൊരാൾ, "ഒരു വീടായിട്ട് വലിയ ഫോഴ്സ് ഉള്ള പൈപ്പൊന്നും ഇല്ലേ", അതില്ലേ ഇതില്ലേ, ഇങ്ങനെ ചെയ്യണ്ടേ, അങ്ങിനെ ചെയ്യണ്ടേ എന്നെല്ലാം. പക്ഷേ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല. അപ്പനേം അമ്മയേം നോക്കി. അവർ വളരെ ശാന്തരാണ്, ഒന്നും മിണ്ടുന്നില്ല.
ആളുകൾ ഒക്കെ പോയി, ഞങ്ങൾ വീടിന്റെ ഉമ്മറത്ത് ഇരിക്കുന്നു. അമ്മായിമാരും അങ്കിൾമാരും ഏതൊക്കെയോ അടക്കം പറയുന്നുണ്ട്. അപ്പോ അമ്മ പറഞ്ഞു, "ഇതിപ്പോ എല്ലാ കൊല്ലവും ഉണ്ടല്ലോ ഓരോന്ന്, എന്ത് കഷ്ടകാലം ആവൊ".
പൊതുവെ പടക്കത്തിനോട് താല്പര്യം ഇല്ലാത്ത ഞാൻ പറഞ്ഞു, "ഇനി ഇവിടെ പടക്കം പൊട്ടിക്കണ്ട. രണ്ടോത്തു ഇനി ചിലപ്പോ വീടാകും അടുത്തത്".
സാധാരണയായി എന്ത് സംഭവിച്ചാലും ശകാരിക്കുന്ന അപ്പൻ പതിവില്ലാത്ത ഒരു കാര്യം പറഞ്ഞു. "ഇതിപ്പോ നമ്മുടെ കൈയിൽ ഒന്നും അല്ലല്ലോ. നമ്മൾ വിചാരിച്ചോ തെങ്ങ് കത്തും എന്ന്. എത്ര കൊല്ലായി ഇവടെ പടക്കം പൊട്ടിക്കുന്നു. എല്ലാ വിഷുവിനും മുരളി ഈ വഴിയിലിട്ടല്ലേ പടക്കം പൊട്ടിക്കാറ്, എത്ര തെങ്ങും മാവും മരങ്ങളും ഉണ്ട് ചുറ്റും. നമ്മുടെ കഷ്ടകാലത്തിന് ഇത് സംഭവിച്ചു, ദൈവസഹായം കൊണ്ട് വേറൊന്നും ഉണ്ടായില്ലലോ, ഒരു തെങ്ങ് പോയി, അതെ പോട്ടെ. അടുത്ത കൊല്ലം ദേ ആ കിഴക്കേ മൂലയിൽ ഇട്ടു പോട്ടിക്കാം, അവിടെ മരങ്ങൾ ഒന്നും ഇല്ല.
അല്ല ഇതെന്ത് കൂത്ത്, അപ്പനിതെന്തുപ്പറ്റി. തെങ്ങ് കത്തിയതിനേക്കാൾ വലിയ സംഭവം ആണല്ലോ ഇത്. എനിക്ക് കോളേജിൽ സപ്ലൈ കിട്ടിയപ്പോഴും ഇങ്ങേർക്കിതുപോലെ പറയായിരുന്നില്ലേ എന്നും ആലോചിച്ചു ഞാനിരുന്നു.
അതിനുശേഷം ഇതുവരെ ആ വിഷയത്തിൽ ആരെയും കുറ്റപ്പെടുത്തുകയോ ശകാരിക്കുകയോ ചെയ്തിട്ടില്ല. അതിനുപുറമെ വീട്ടിൽ വരുന്നവരോടും പോകുന്നവരോടും അപ്പൻ എന്തോ വലിയ അത്ഭുതം നടന്നപോലെ ഈ സംഭവം വിവരിക്കും. അതുകൊണ്ട്തന്നെ ആ സംഭവം ആലോജിക്കുമ്പോൾ എന്തൊരു ലളിതമാണ്. ഒരു ചിത്രകഥപോലെ, ഒരു നല്ല ഓർമ്മപോലെ, ഞങ്ങളെ ഒന്നിപ്പിച്ച ഒരു അനുഭവം പോലെ. കാലം ഞങ്ങളെ ലളിതമാക്കുകയാണ്, അനുഭവങ്ങളും. ചില കാര്യങ്ങൾ വിപ്ലവംകൊണ്ടല്ല പരിണാമംകൊണ്ടേ ശെരിയാകു. മനസുകളുടെ പരിണാമം തുടരട്ടെ.











