കാട്ടുരാജാവായിരുന്ന ഹിരണ്യധനുസിന്റെ മകൻ ഏകലവ്യന് ഒരു ആഗ്രഹം.
മയിലാടുംകുന്നിൽ കിളിവേട്ടയ്ക്കു ഇറങ്ങിയ ഏകലവ്യൻ ചെന്നുപെട്ടത് ഒരു സിംഹത്തിന്റെ മടയിൽ. ഉസ്താദ് ദ്രോണാചാര്യർ. അങ്ങനെ ലോക്കൽ ഗുരുവൊന്നുമല്ല, രാജഗുരുവാണ്. വിനയത്തോടെ ആഗ്രഹം അറിയിച്ചു.
ഏകലവ്യനെ ശിഷ്യനാക്കുന്നതിൽ ദ്രോണാചാര്യർക്കു പ്രത്യേകിച്ച് എതിർപ്പൊന്നുമുണ്ടായിരുന്നില്ല. പക്ഷെ അന്നത്തെ തരംഗമായിരുന്ന ജാതിവ്യവസ്ഥയുടെ Crest and trough ഒക്കെ കണക്കിലെടുത്താൽ ഒരു രാജഗുരുവിനു താഴത്തട്ടിലുള്ള കാട്ടാളന് വിദ്യ പറഞ്ഞു കൊടുക്കുക എന്ന് പറഞ്ഞാൽ forbidden ആയ കാര്യമായിരുന്നു.
ചുരുക്കി പറഞ്ഞാൽ ആചാര്യൻ ഏകലവ്യന് അഡ്മിഷൻ നിഷേധിച്ചു.
കരഞ്ഞും കെഞ്ചിയുമൊക്കെ നോക്കി. മൂപ്പർ എട്ടിനും അടുക്കുന്നില്ല. അവസാനം വേറെ വഴിയില്ല എന്ന് കണ്ടപ്പോൾ ഏകലവ്യൻ ഒരുപിടി പച്ചമണ്ണ് കുഴച്ചു ആചാര്യന്റെ പ്രതിമയുണ്ടാക്കി.. എന്നിട്ടു അതിന്റെ മുൻപിൽ നിന്ന് എന്തൊക്കെയോ സങ്കൽപ്പിച്ചു കഷ്ടപെട്ടു അമ്പെയ്യാൻ പഠിച്ചു..
ഏകലവ്യൻ നല്ല കിടുവായി അമ്പെയ്യാൻ പഠിച്ചു മിടുക്കനായി.. ആചാര്യൻ ഇതൊന്നുമറിയാതെ രാജമക്കളെ പഠിപ്പിച്ചു കൊണ്ടിരുന്നു. ആങ്ങനെ ഒരിക്കൽ ആചാര്യൻ പ്രിയശിഷ്യൻ അർജുനന്റെ കൂടെ വേട്ടയാടാൻ കാട്ടിൽ പോയി. കൂടെയുണ്ടാരുന്ന വേട്ടപ്പട്ടി ഭയങ്കര അലമ്പ്. കുരയോട് കുര. മിണ്ടാണ്ടിരിക്കാൻ പറഞ്ഞിട്ടൊന്നും കേൾക്കുന്നില്ല. ഈ സമയം ആ കാടിന്റെ ഒരു ഒഴിഞ്ഞ മൂലയ്ക്ക് archery practice ചെയ്തുകൊണ്ടിരിക്കുകയായിരുന്നു നമ്മുടെ ഏകലവ്യൻ. ഏകാഗ്രതയോടെ അമ്പെയ്തു കൊണ്ടിരുന്ന ഏകലവ്യന്റെ concentration പട്ടിയുടെ നിർത്താതെ ഉള്ള കുര കാരണം കംപ്ലീറ്റ് നഷ്ടപെട്ടു. കലിപ്പ് കേറിയ ഏകലവ്യൻ ശബ്ദത്തിന്റെ source സ്പോട്ട് ചെയ്തു ഒന്നിന് പുറകെ ഏഴു അമ്പുകൾ അയച്ചു. ഒന്ന് പോലും ലക്ഷ്യം തെറ്റിയില്ല, എല്ലാ അമ്പുകളും കൃത്യമായി പട്ടിയുടെ വായിൽ തന്നെ എത്തി. ഈ സമയം ഭാവി പരിപാടികളെ പറ്റി കൂലംകുഷമായി ആലോചിച്ചു നിന്ന അർജ്ജുനൻ പട്ടിയുടെ കരച്ചിൽ കേട്ട് തിരിഞ്ഞു നോക്കി.
"ശെടാ, ഇവനെന്തിനാണ് ഇങ്ങനെ അമ്പുകളും കടിച്ചു പിടിച്ചു നിൽക്കുന്നത്?"
ആർജ്ജുനൻ പിന്നേം ചിന്താവിഷ്ടനായി.
"ഡേയ്, പട്ടി അമ്പു കടിച്ചു പിടിച്ചു നിൽക്കുന്നതല്ല, അവന്റെ വായിൽ ആരോ എയ്തു കൊള്ളിച്ചതാണ്."
ശിഷ്യന്റെ ചോദ്യം കേട്ട് കിളിപോയ ആചാര്യൻ സംശയനിവാരണം നടത്തികൊടുത്തു.
ആർജ്ജുനന്റെ മാരക സംശയങ്ങൾക്ക് ഉത്തരം പറയാൻ നിന്നാൽ എഞ്ചുവടി തൊട്ടു ക്വാണ്ടം മെക്കാനിക്സ് വരെ എടുത്തിട്ട് അലക്കേണ്ടി വരും എന്നറിയാവുന്ന ആചാര്യൻ അധികം സംസാരിക്കാതെ അമ്പുകൾ വന്ന ദിക്ക് ലക്ഷ്യമാക്കി വണ്ടി വിട്ടു. ആരാണ് ഇങ്ങനെയൊരു പണി ചെയ്തത് എന്നറിയണമല്ലോ. അമ്പുകളുടെ ടോർക്കും മൊമെന്റവും ഒക്കെ കണക്കു കൂട്ടിയാൽ എയ്തവൻ പുലിയാകാനാണ് സാധ്യത. വാകമരചില്ലകൾ വകഞ്ഞു മാറ്റി ചെന്ന ഗുരുജിയും ശിഷ്യനും കണ്ട കാഴ്ച!! ഒരുത്തൻ അവിടെ നിന്ന് അമ്പെയ്തു പഠിക്കുന്നു. തൊട്ടപ്പുറത്ത് ആചാര്യന്റെ ആറടി നീളമുള്ള സ്റ്റാച്യുവും. ആചാര്യന്റെ കിളികൾ വീണ്ടും ചിറകടിച്ചുയരാൻ തുടങ്ങി.
ഏകലവ്യന്റെ പരിശീലനം വീണ്ടും interrupt ചെയ്തോണ്ട് ആചാര്യൻ അങ്ങോട്ട് രംഗപ്രവേശനം ചെയ്തു.
സൗണ്ട് കേട്ടു തിരിഞ്ഞു നോക്കിയ ഏകലവ്യൻ കണ്ടത് പ്രിയ ഗുരുവിനെ.
വിനയം കൊണ്ട് ഏകലവ്യൻ തല കുനിച്ചു.
"നീ ആരാണ്, വീടും കുടിയും എവിടെയാണ്, ഏതു പ്രമുഖ സ്ഥാപനത്തിൽ നിന്നുമാണ് നീ ഇങ്ങനെ അമ്പെയ്യാൻ പഠിച്ചത്"?
ഇനിയും കുനിഞ്ഞാൽ തല ടെക്ടോണിക് പ്ലേറ്റിൽ വരെ ചെന്ന് മുട്ടും എന്ന അവസ്ഥയിൽ നിന്ന ഏകലവ്യൻ തല അല്പം ഒന്നുയർത്തി പറഞ്ഞു
"ഗുരോ, ഞാൻ ഏകലവ്യൻ. നിഷാദൻ."
ചോദ്യം കേട്ട് ഏകലവ്യനും ആചാര്യനും ഒരേപോലെ തിരിഞ്ഞു നോക്കി.
മറ്റാരുമല്ല, അർജ്ജുനൻ തന്നെ. അവനല്ലാതെ ഇമ്മാതിരി ചോദ്യം ആരും ചോദിക്കില്ല എന്ന് നന്നായി അറിയാവുന്ന ആചാര്യൻ പരമാവധി സംയമനം പാലിച്ചു പറഞ്ഞു
"നിഷാന്ത് അല്ല കുട്ട്യേ, നിഷാദൻ. മീൻസ് കാട്ടാളൻ"
ഗുരുജി വീണ്ടും നിവാരണം നടത്തി.
രാജകുമാരൻ ആയിപ്പോയി. അല്ലെങ്കിൽ എന്റെ തനികൊണം കണ്ടേനെ..
ആചാര്യൻ ഏകലവ്യന്റെ നേർക്ക് തിരിഞ്ഞു.
"അങ്ങാണ് എന്റെ ഗുരു. അങ്ങയിൽ നിന്നുമാണ് ഞാൻ ഈ വിദ്യ കരസ്ഥമാക്കിയത്"
ഇത് കേട്ട അർജ്ജുനൻ ആചാര്യന്റെ മുഖത്തേക്കൊന്നു നോക്കി.
"മൊതലാളീ... (ഹരിശ്രീ അശോകൻ ജെപെഗ്).
പുട്ടിനിടയ്ക്ക് പീര എന്നതുപോലെ നാഴികയ്ക്കു നാൽപ്പതു വട്ടം 'അർജ്ജുനാ അമ്പെയ്ത്തിൽ നീ Brady Ellison ക്കാളും പുലി ആണ്' എന്നൊക്കെ തള്ളി മറിച്ചിട്ട്, ദാ ഇപ്പൊ കണ്ടില്ലേ.. അർജ്ജുനൻ ആകെ desp ആയി..
"പൊന്നർജ്ജുനാ, സത്യായിട്ടും ഞാൻ അറിഞ്ഞിട്ടും കൂടെയില്ല. ഞാൻ ഇവനെ ഈ പണി പഠിപ്പിച്ചിട്ടില്ല. വെറുതെ എന്റെ ചാരിത്ര്യത്തെ സംശയിക്കരുത്."
"ഏകലവ്യാ, എനിക്കൊന്നും മനസിലാകുന്നില്ല. ഞാൻ എപ്പോഴാണ് നിന്നെ അമ്പെയ്യാൻ പഠിപ്പിച്ചത്?"
ഏകലവ്യന്റെ മറുപടി കേട്ട് വണ്ടറടിച്ചു നിന്ന ആചാര്യൻ ചോദിച്ചു.
ഏകലവ്യന്റെ മുഖം ക്ലോസപ്പിൽ..
സ്പൈറൽ ആകൃതിയിൽ വിൻഡോസ് മീഡിയ പ്ലെയറിലെ വിഷ്വലൈസേഷൻസ് പോലെ എന്തോ മിന്നി തെളിഞ്ഞു. Yes, FlashBack..
ഇനിയാണ് കഥ സീരിയസ് ആകുന്നത്.. ഏകലവ്യന്റെ ഫ്ലാഷ്ബാക്ക് കേട്ട് ഞെട്ടി നിന്നു പോയി ആചാര്യൻ. യെവൻ പുലിയാണ്. നേരിൽ വിദ്യ അഭ്യസിക്കാതെ ഇത്രയും പഠിച്ചില്ലേ.
പക്ഷെ, ആചാര്യന്റെ മനസ്സിൽ തന്റെ മിടുക്കനായ ശിഷ്യനോടുള്ള വാത്സല്യം ആയിരുന്നില്ല തോന്നിയത്, മറിച്ചു അർജ്ജുനനെക്കാൾ കൂടുതൽ കഴിവ് വെറുമൊരു നിഷാദപുത്രന് ഉണ്ടായാൽ അർജ്ജുനൻ കോംപ്ലക്സ് അടിച്ചിരിക്കും എന്ന വിചാരം ആയിരുന്നു. എന്തെങ്കിലും ചെയ്തേ പറ്റൂ. അധികം വൈകാതെ തന്നെ ആചാര്യന്റെ കാഞ്ഞ ബുദ്ധിയിൽ ഐഡിയ മിന്നി തെളിഞ്ഞു.
"ഏകലവ്യാ, നീ സമർത്ഥൻ തന്നെ. പക്ഷെ നിന്റെ വിദ്യ പൂർണ്ണം ആകണം എങ്കിൽ ഇനിയുമൊരു കടമ്പ കൂടെ ബാക്കിയുണ്ട്"
ഗുരു ചോദിച്ചാൽ സ്വന്തം പ്രാണൻ വരെ നൽകാൻ തയാറായി നിന്ന ആ നിഷ്കളങ്കനായ കാട്ടാള ബാലൻ ചോദിച്ചു.
പിന്നെ നടന്നത് നമുക്ക് എല്ലാവർക്കും അറിയാം. പഠിപ്പിച്ചു കൊടുക്കാത്ത ഒരു വിദ്യയ്ക്ക് ഒരു ഉളുപ്പുമില്ലാതെ ദ്രോണാചാര്യൻ ഏകലവ്യനോട് ആവശ്യപ്പെട്ടത് അവന്റെ പെരും വിരൽ ആയിരുന്നു.. ഒരു കത്തി എടുത്ത് അപ്പോൾ തന്നെ തന്റെ വലതു കയ്യുടെ തള്ളവിരൽ അറുത്തു ഗുരുദക്ഷിണ ആയികൊടുത്ത ഏകലവ്യൻ ലോകമെമ്പാടും ഉള്ള ഉത്തമശിഷ്യന്മാരുടെ മാതൃകാപുരുഷോത്തമനായി വാഴ്ത്തപ്പെട്ടു, ഗുരുഭക്തിയുടെ പ്രതീകവുമായി.
പറഞ്ഞു വരുന്നത് എന്തെന്നാൽ, നമ്മുടെ ഗുരുഭക്തി എന്നത് വളരെ over-hyped ആയ ഒന്നാണ്. ആവശ്യത്തിനും അനാവശ്യത്തിനും ഗുരുക്കന്മാരെ കണ്ടാൽ ചാടി കയറി ബഹുമാനിച്ചു കളയും. ഇതിനും വേണ്ടി ബഹുമാനം നമ്മുടെ അദ്ധ്യാപകർ അർഹിക്കുന്നുണ്ടോ?
അറിവ് നേടുവാൻ പല വഴികളുണ്ട്. വിദ്യാലയങ്ങൾ, ചുറ്റുപാടുകൾ, വ്യക്തികൾ, ഇന്റർനെറ്റ്, പുസ്തകങ്ങൾ, യൂട്യൂബ് വീഡിയോസ്, നിരീക്ഷണം, യാത്ര തുടങ്ങി നമ്മുടെ അനുഭവങ്ങൾ പോലും ചിലപ്പോൾ നമ്മളെ പലതും പഠിപ്പിക്കും.
പക്ഷെ നമ്മളെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടീച്ചർമാരോ പ്രൊഫസർമാരോ മാത്രമാണ് യഥാർത്ഥ അദ്ധ്യാപകർ. കൂടുതൽ ബഹുമാനം അർഹിക്കുന്നവരും അവർ തന്നെയാണെന്നാണ് നമ്മുടെ ധാരണ. മാതാപിതാ 'ഗുരു' ദൈവം എന്നൊരു സങ്കൽപം വളരെ ചെറുപ്പത്തിലേ തന്നെ നമ്മളിൽ അടിച്ചേല്പിക്കപെടുന്നു. "ഗുരുവും ദൈവവും ഒരുമിച്ചു മുൻപിൽ വന്നാൽ ഞാൻ ആദ്യം എന്റെ ഗുരുവിനെയാകും തൊഴുക, കാരണം ദൈവത്തിലേക്കുള്ള വഴി എന്നെ പഠിപ്പിച്ചു തന്നത് എന്റെ ഗുരുനാഥൻ ആണ്" എന്ന് ഏതോ ഒരു മഹദ്വ്യക്തി പറഞ്ഞത് നമ്മളെ പഠിപ്പിച്ചത് നമ്മുടെ ടീച്ചർമാർ തന്നെയാണ്. എന്തൊക്കെ നേടിയാലും ഗുരുശാപം മേടിച്ചാൽ ഗുണം പിടിക്കില്ല എന്ന് സൂചിപ്പിക്കുന്ന കഥകളാണ് നമ്മുടെ പുരാണകഥകളിൽ അധികവും. നമ്മുടെ ചിന്തകൾ അങ്ങനെ wired ആണ്.
Academic Education ന്റെ മികവിനെ കുറച്ചു കാട്ടിയതല്ല, വിദ്യാലയങ്ങളിൽ നിന്നും നാം സായത്തമാക്കുന്ന അറിവുകൾ മറ്റു സോഴ്സുകളെക്കാൾ ആധികാരികവും structured ഉം ആണെന്നതിൽ സംശയമില്ല. വിഷയം, അനാവശ്യമായി നാം കൊണ്ടുനടക്കുന്ന ഗുരുഭക്തിയാണ്.
ബഹുമാനം എന്നത് അത് അർഹിക്കുന്നവർക്ക് നാം കൊടുക്കേണ്ട ഒന്നാണ്. അതിൽ അദ്ധ്യാപകർ മാത്രമല്ല, മാതാപിതാക്കളും സഹോദരങ്ങളും, സുഹൃത്തുക്കളും, കൊച്ചുകുട്ടികളും, നാം നിത്യേന കാണുന്ന വ്യക്തികളും അങ്ങനെ എല്ലാവരും പെടും. ഒരു മൾട്ടിനാഷണൽ കമ്പനിയുടെ CEOയും ആ കമ്പനിയിലെ ക്ലീനിങ് സ്റ്റാഫും ഒരേപോലെ തന്നെ ബഹുമാനത്തിനു അർഹരാണ്. അതായത് പെരുമാറ്റവും പ്രവൃത്തികളും കൊണ്ട് ആർജ്ജിച്ചെടുക്കേണ്ട ഒന്നാണ് ബഹുമാനം. സ്കൂളിൽ മണിയടിക്കുന്ന പ്യൂൺ ചേട്ടനും, ഉപ്പുമാവ് ഉണ്ടാക്കുന്ന ചേച്ചിയും കെമിസ്ട്രി പഠിപ്പിക്കുന്ന മാഷും, സ്കൂൾ ബസ് ഓടിക്കുന്ന ഡ്രൈവർ ഏട്ടനും ഒരേപോലെ തന്നെ ബഹുമാനം അർഹിക്കുന്നവരാണ്. അവരുടെ പൊസിഷൻ അല്ല, സ്വന്തം ജോലി എത്ര നന്നായി ചെയ്യുന്നു എന്നതാണ് അവിടെ അവർക്കു ലഭിക്കുന്ന ബഹുമാനത്തിന്റെ ആധാരം. അല്ലാതെ ടീച്ചറെ കാണുമ്പോൾ വളയുകയും പ്യൂൺ ചേട്ടനെ കാണുമ്പോൾ വിളയുകയും ചെയേണ്ടതില്ല.
ഏകലവ്യന്റെ കഥയിലേക്ക് വരാം. പെരുവിരൽ ഗുരുദക്ഷിണയായി ചോദിച്ച ദ്രോണാചാര്യരോട് "പോയി പണി നോക്ക് മാഷേ" എന്ന് പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ ചരിത്രം ഏകലവ്യന്റെതായി മാറിയേനെ. അതിനു പകരം വെറുതെ ഓവർ ഗുരുഭക്തിയും വിനയവും കാണിച്ചു മറ്റു വിദ്യാർത്ഥികളെ കൂടി അനാവശ്യമായ കീഴ്വഴക്കങ്ങളിലേക്ക് ഒരു കാര്യവുമില്ലാതെ തള്ളിവിട്ട ഏകലവ്യൻ തന്നെയാണ് ഇവിടെ തെറ്റുകാരൻ. അത് ഇനി ദ്രോണാചാര്യർ നേരിട്ട് പഠിപ്പിച്ചാലും ശരി ഇല്ലെങ്കിലും ശരി, ഇജ്ജാതി ഗുരുദക്ഷിണ ഒന്നും എനിക്ക് തരാൻ കഴിയില്ല എന്ന് നട്ടെല്ല് നിവർത്തി തന്നെ പറയുവാൻ ഏകലവ്യന് കഴിയണമായിരുന്നു.
അദ്ധ്യാപകരുടെ വിശാല മനസ്സുകൊണ്ട് നമുക്ക് തരുന്ന ഔദാര്യം ഒന്നുമല്ല വിദ്യാഭാസം. അദ്ധ്യാപനം അവരുടെ ഉപജീവനമാർഗ്ഗം കൂടെയാണ്. ശമ്പളം വാങ്ങി ചെയുന്ന ഏതൊരു ജോലിയും പോലെ തന്നെയേ ഉള്ളൂ ഇതും. വില കുറച്ചു കാണുകയല്ല, ആവശ്യമില്ലാതെ വില കൂട്ടി കാണാതിരിക്കുവാൻ ശ്രമിക്കുന്നതാണ്.